District News
വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് ജീവന് പണയം വച്ച് സെന്‍സസ് നടത്തേണ്ട അവസ്ഥയില്‍ ജീവനക്കാര്‍. നീര്‍ച്ചാലുകള്‍ക്ക് കുറുകെ കവുങ്ങിന് തടി നിരത്തിയ പാലവും ഉരുള്‍ അവശേഷിച്ച കൂറ്റന്‍ കല്ലുകളും കുത്തി ഒലിച്ചിറങ്ങിയ പാറകളും ഇവരെ ഭീതിപ്പെടുത്തുകയാണ്.
വാണിമേല്‍ പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളാണ് ഏറെ കഠിനം. ദുഷ്കരമായ വഴികളിലൂടെ നടന്ന ഒരു ദിവസം 20 വീടുകളില്‍ മാത്രമാണ് എത്താനാവുന്നത്. 200 മുതല്‍ 300 വരെ വീടുകളാണ് ടാര്‍ജറ്റ്. മലയോര മേഖലകളില്‍ നിന്ന് കുടിയിറക്കം തുടങ്ങിയതോടെ പല വീടുകളിലും ആള്‍ത്താമസം ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ഉള്ള വീടുകളിലാണെങ്കില്‍ പകല്‍ സമയങ്ങളില്‍ ആരും ഉണ്ടാവുന്നില്ല. ഇതെല്ലാം താണ്ടിവേണം എന്യൂമറേറ്റമാര്‍ ജോലിചെയ്യാന്‍.
വീട്ടുകാരെ തേടി നാല് പ്രാവശ്യം വരെ മലകയറി ഇറങ്ങേണ്ടി വന്നെന്നാണ് പലരും പറയുന്നത്. വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കമ്പിളിപാറ, പൂവത്താം കണ്ടി മേഖലകള്‍ പകല്‍സമയങ്ങളില്‍ പോലും ഭീതി ജനിപ്പിക്കുന്ന സ്ഥലമാണ്. പന്നി ശല്യവും ഈ മേഖലയിലുണ്ട്. ഉരുള്‍ സര്‍വനാശം വിതച്ച മഞ്ഞച്ചിളി , പാനോം , ആനക്കുഴി ഭാഗങ്ങളില്‍ താമസക്കാര്‍ നന്നേ കുറവാണ്. ഈ പ്രദേശം മുഴുവന്‍ കാട് മൂടിയ നിലയിലാണ്.
തകര്‍ന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്ക്കരികിലേക്ക് എത്താന്‍ പോലും കാട് വെട്ടിത്തെളിച്ച് വഴികള്‍ ഉണ്ടാക്കണം. മഴ ഒഴിഞ്ഞ് നില്ക്കുന്ന സമയങ്ങളില്‍ മാത്രമേ ഈ പ്രദേശത്ത് കണക്കെടുപ്പ് നടത്താന്‍ കഴിയു എന്നാണ് എന്യൂമറേറ്റര്‍മാർ പറയുന്നത്.
District News
കോഴിക്കോട്: നൂറുവർഷം പഴക്കമുള്ള തപാൽപ്പെട്ടി, ഗ്രാമഫോണുകൾ, വിവിധ തരത്തിലുള്ള റാന്തലുകൾ, പഴമയുടെ ശേഖരങ്ങളാല്‍ സമ്പന്നമാണ് കുറ്റിച്ചിറയിലെ 69കാരനായ അബ്ദുൾ ജബ്ബാറിന്റെ കറാനി വീട്...
അപൂർവവും പുരാതനവുമായ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. പുരാവസ്തുക്കൾ മാത്രമല്ല, പഴയ ഫർണിച്ചറുകൾ, ഒരു നയാ പൈസ മുതൽ 1000 രൂപയുടെ വരെയുള്ള കമനീയമായ നാണയശേഖരം, പഴയകാല ക്ലോക്കുകള്‍ എന്നിവയും കറാനി വീടിന്റെ അകത്തളങ്ങളെ പുതിയ കാലത്ത് കാണാക്കാഴ്ചകളുടെ ഇടമാക്കുന്നു.
ഈ പുരാവസ്തുക്കളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന അബ്ദുൾ ജബ്ബാറിന്റെ വീടിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്.കുട്ടിക്കാലം മുതൽ അബ്ദുൾ ജബ്ബാറിന് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിന് കമ്പമുണ്ടായിരുന്നു. 40 വർഷത്തോളമായി അബ്ദുൾ ജബ്ബാർ പുരാവസ്തു ശേഖരണം തുടങ്ങിയിട്ട്.
ആദ്യമായി താൻ ശേഖരിച്ച വസ്തു 1923ൽ നിർമിച്ച ചിമ്മണി വിളക്കാണെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. 1986ൽ ഈ വിളക്ക് അദ്ദേഹം വില കൊടുത്ത് വാങ്ങിക്കുകയായിരുന്നു. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യം കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. തന്റെ ഹൃദയം കവർന്ന വസ്തുക്കൾ വാങ്ങുന്നതിനും വീട്ടിൽ സൂക്ഷിക്കുന്നതിനുമായി എത്രദൂരം വരെയും യാത്ര ചെയ്യാൻ ഈ പ്രായത്തിലും ഇദ്ദേഹത്തിന് മടിയില്ല.
പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ സ്ത്രീകൾ ഇരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 60 വർഷം പഴക്കമുള്ള മാസർ പലക മറ്റൊരു ആകർഷണമാണ്. ഏഴോളം പലകകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന മൂന്ന് മാമോദീസാ തൊട്ടികളും കറാനി വീട്ടിലുണ്ട്. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യത്തിന് എല്ലാ പിന്തുണയുമായി ഭാര്യ മൈമൂനയും മക്കളായ അക്രം, അക്സർ, അറ്റ്ലർ, ആദിൻ എന്നിവരും ഒപ്പമുണ്ട്.
District News
വിലങ്ങാട്: ഉരുൾ പൊട്ടൽ ദുരന്തത്തിൽ സർവം നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വിലങ്ങാടിന് ഒരു കൈത്താങ്ങ് എന്ന ആശയവുമായി 2024 ആഗസ്റ്റ് 22 ന് വടകരയിലെ മുഴുവൻ ബസുകളും കാരുണ്യയാത്ര നടത്തുകയും അന്ന് സർവീസ് നടത്തി ലഭിച്ച ഏഴ് ലക്ഷം രൂപയും, തൊഴിലാളികളുടെയും ഉടമകളുടെയും നേതൃത്വത്തിൽ സർവീസ് നടത്തി കിട്ടിയ വരുമാനവും ചേർത്ത് പത്ത് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന് കൈമാറിയിരുന്നു.
തുടർന്ന് പത്ത് സെന്റ് സ്ഥലവും വീടും കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറുകയായിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന്റെ നേതൃത്വത്തിൽ കുടുംബത്തിന്റെ ഗൃഹപ്രവേശം നടത്തി.
ചടങ്ങിൽ വീടിന്റെ താക്കോൽദാനം അസോസിയേഷൻ ഭാരവാഹികൾ നിർവഹിച്ചു. പ്രസിഡന്റ് കുഞ്ഞമ്മത് സൽവ, സെക്രട്ടറി എ.പി. ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
District News
കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോള്‍ കനത്ത നഷ്ടത്തിന്റെ കണക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകള്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം സ്വകാര്യബസുകള്‍ക്ക് 8.4 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റീവ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറയുന്നു. ഒരു ബസിന് ഒരു ദിവസം ഏകദേശം 3000 രൂപ മുതല്‍ 5000 രൂപവരെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-മുക്കം, കോഴിക്കോട്-അടിവാരം, കോഴിക്കോട്-മാവൂര്‍-എടവണ്ണപ്പാറ, കോഴിക്കോട്-ഫറോക്ക് തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന നിരവധി ബസുകള്‍ ജി ഫോം കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സ്വകാര്യബസ് മേഖല തകര്‍ന്നടിയുമെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ അതില്‍ 50 രൂപയിലധികം ടാക്സ് ഇനത്തിലാണ് ചെലവാക്കുന്നത്. ഒരു ദിവസം ശരാശരി 100 ലിറ്റര്‍ ഡീസല്‍ ഒരു ബസിന് അടിക്കുന്നുണ്ട്. അതുപ്രകാരം, ഒരു ദിവസം ഏകദേശം 5000 രൂപ ഒരു ബസ് ഡീസല്‍ ഇനത്തില്‍ നികുതി അടയ്ക്കുന്നുണ്ട്.
ത്രൈമാസ നികുതി കൂടാതെയാണിത്. ഇതെല്ലാം സര്‍ക്കാരിന് നഷ്ടമാകുമെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ യാത്രക്കാരുടെ കൂടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ പുരുഷന്മാരും കുട്ടികളും ഉണ്ടാവും. ഇവരെല്ലാം സ്ത്രീകള്‍ക്കൊപ്പം പ്രിയദര്‍ശിനി ബസില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അതുവഴി കെഎസ്ആര്‍ടിസിയ്ക്ക് വരുമാനം വര്‍ധിച്ചു. സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. പരസ്യം വയ്ക്കണമെങ്കില്‍ ആര്‍ടി ഓഫീസില്‍ പോയി പ്രത്യേക അനുമതി വാങ്ങണം. ഓരോ പരസ്യത്തിനും ഇങ്ങനെ അനുമതി വാങ്ങുന്നത് പ്രായോഗികമായ കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
District News
കോഴിക്കോട്: കൊളത്തറയില്‍ നിന്ന് 16.220 കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ മധുബനി ജില്ലയിലെ ഝാഞ്ചാചാര്‍പുര്‍ സ്വദേശി അസ്ലം അന്‍സാരി(35) കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായി.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. കെട്ടിടത്തിലെ ഒരു കടമുറിയോടു ചേര്‍ന്നുള്ള നമ്പര്‍ ഇല്ലാത്ത മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വില്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടിയ അളവില്‍ ലഹരി അടങ്ങിയ മിഠായികള്‍ പായ്ക്ക് ചെയ്ത രൂപത്തില്‍ എത്തിച്ചത്.
ട്രെയിന്‍ മാര്‍ഗവും ചരക്കുലോറികളിലും മറ്റുമാണ് വര്‍ണ കടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകള്‍ക്ക് സമീപമുളള ചെറിയ കടകളിലൂടെ ഇവ വില്‍ക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. കൊളത്തറയില്‍ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
പേരാമ്പ്ര: സിദ്ധാന്തങ്ങൾ നിർമിക്കലല്ല പ്രായോഗിക തലത്തിൽ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസുയർത്തിപ്പിടിക്കുക എന്നതാണ് വിദ്യാർഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. പി. സുനോജ് കുമാർ ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാർഥികൾക്ക് ചടങ്ങിൽ ബിരുദം നൽകി.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം, കോളജ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൾ അസീസ്, കോളജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസലാം, സി. അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ടി.എം. അജ്നാസ്, ഡോ. സജ്ന പാലന്റവിട, വിവിധ വകുപ്പധ്യക്ഷൻമാർ എന്നിവർ പ്രസംഗിച്ചു.
District News
മുക്കം: യുഡിഎഫ് ഭരിക്കുന്ന കാരശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയിൽ ഭരണ സമിതിക്ക് ആശ്വാസമായി ഹൈക്കോടതി വിധി.
തീരുമാനംസർക്കാരിന് വിട്ട ഹൈക്കോടതി ഹരജിക്കാരോട് കേരള സർക്കാരിൽ അപ്പീൽ നൽകാൻ നിർദേശിക്കുകയായിരുന്നു. സഹകരണ ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങളാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഈ കേസ് തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദ്ദേശം. ബാങ്ക് ചെയർമാൻ ഒഴികെയുള്ള ഭരണസമിതിയംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അപ്പീൽ പരിശോധിച്ച് രണ്ടു മാസത്തിനകം സർക്കാർ ഉചിത തീരുമാനം എടുക്കാനാണ് കോടതി നിർദേശം. ബാങ്ക് ചെയർമാൻ ആയിരുന്ന എൻ. കെ. അബ്ദുറഹിമാനെതിരെ ഭരണ സമിതി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാതെ ആയിരുന്നു ജോയിന്റ് രജിസ്ട്രാർ 2027 ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്ന ഭരണ സമിതി പിരിച്ചുവിട്ടത്.
നിയമവിരുദ്ധമായി പിരിച്ചു വിടുന്നതിന് മുമ്പേ 2025 നവംബർ 29, 30 തീയതികളിലായി അർദ്ധരാത്രി 829 എ ക്ലാസ് മെമ്പർമാരെ തിരുകി കയറ്റുകയും 2025 ഡിസംബർ 1ന് ഭരണ സമിതി പിരിച്ചുവിടുകയുമായിരുന്നു. അനധികൃതമായി ഷെയർ തിരുകി കയറ്റിയത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
District News
കോഴിക്കോട്: സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് സ്പെഷ്യാലിറ്റി ഒപികള്‍ കൂടി ആരംഭിച്ചു. വയോജനാരോഗ്യം (ജെറിയാട്രിക്), ലഹരി വിമുക്തി (ഡി-അഡിക്ഷന്), മാനസികാരോഗ്യ-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സൈക്യാട്രി ഒപി എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഇതോടെ സ്പെഷ്യലിറ്റി ഒപികളുടെ എണ്ണം 12 ആയി.
വയോജനങ്ങളിലെ സന്ധിവേദന, നടുവേദന, ഓര്‍മക്കുറവ്, ഉറക്കക്കുറവ്, ദീര്‍ഘകാല ജീവിതശൈലീരോഗങ്ങള്‍ തുടങ്ങിയവക്ക് സമഗ്ര ചികിത്സയും തുടര്‍പരിചരണവും വയോജന ഒപിയില്‍ ലഭിക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദഗ്ധരുടെ വിലയിരുത്തല്‍, വ്യക്തിഗത ചികിത്സാ പദ്ധതി, കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സൈക്യാട്രി ഒപിയില്‍ ലഭ്യമാകും.
ലഹരി വിമുക്തി ഒപിയില്‍ ചികിത്സക്കൊപ്പം കൗണ്‍സിലിംഗ്, ജീവിതൈശലി മാറ്റത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ എന്നിവയും ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ഒപി സേവനങ്ങള്‍ ലഭിക്കുക.
ചികിത്സയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ആശുപത്രിയില്‍ അത്യാധുനിക ലബോറട്ടറി സംവിധാനങ്ങളും പുനരധിവാസത്തിനും വേദന നിയന്ത്രണത്തിനുമായി ഫിസിയോതെറാപ്പി വിഭാഗവും ആവശ്യമായ രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
District News
കൊയിലാണ്ടി:കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് വിദ്യാർഥികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണുള്ളത്.
മാസങ്ങളായി സെപ്റ്റിക് ടാങ്കിന്റെ തകരാർ തുടരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. സ്റ്റേഡിയം പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം വ്യാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയുണ്ട്.പ്രഭാതനടത്തത്തിനും വിവിധ കായികപരിശീലനങ്ങൾക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രഭാത നടത്തം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ തുടരാൻ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അടിയന്തരമായി സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തി മലിനജല ഒഴുക്ക് തടയുകയും സ്റ്റേഡിയം ശുചീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: ചാലിയത്തും പരിസര പ്രദേശങ്ങളിലും കച്ചവടകേന്ദ്രങ്ങളിൽ വില്പനക്കായി സൂക്ഷിക്കുന്ന കല്ലുമ്മക്കായ മോഷണം പോകുന്നത് പതിവാകുന്നു. സമീപകാലത്തായി ലക്ഷങ്ങളുടെ കല്ലുമ്മക്കായയാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വ പുലർച്ചെ കടുക്കബസാർ - കടലുണ്ടിക്കടവ് റോഡിൽ വ്യാപാരം നടത്തുന്ന കപ്പലങ്ങാടി ഇല്ലിക്കൽ ഫൈസലിന്റെ ഇല്ലിക്കൽ സീ ഫുഡ്സിൽ നിന്നും കല്ലുമ്മക്കായ നിറച്ച ചാക്ക് മോഷ്ടിക്കപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു. മുഖം മറച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ഒരുമാസം മുമ്പ് കടയിൽ മോഷണം നടന്നപ്പോഴാണ് ഉടമ കാമറ സ്ഥാപിച്ചത്. ഫൈസലിനുമാത്രം ഒന്നരലക്ഷം രൂപയുടെ കല്ലുമ്മക്കായ നഷ്ടമായി.
നേരത്തെ സമീപ പ്രദേശമായ കടുക്കബസാറിലെ നൗഷാദിന്റെ ബിഎൻഎസ് സ്ഥാപനം, കുഞ്ഞാലിക്കുട്ടിയുടെ കട എന്നിവിടങ്ങളിൽനിന്നായി നൂറ് കിലോവീതവും ഫറോക്കിൽ റഷീദിന്റെ 200 കിലോയും കല്ലുമ്മക്കായ മോഷണം പോയിരുന്നു. കാലവർഷവും ശക്തമായ കടലേറ്റവുമായതിനാൽ കല്ലുമ്മക്കായക്ക് മികച്ച വില ലഭിക്കുന്ന സീസണിലാണ് മോഷണം.
District News
കോഴിക്കോട്: ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന താത്ക്കാലിക അഗ്നിരക്ഷാ സംവിധാനം അടിയന്തരമായി സജ്ജീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ബീച്ച് അഗ്നിരക്ഷാ സേന പൂർണമായും മീഞ്ചന്തയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എസ്എം സ്ട്രീറ്റ്, കോർട്ട് റോഡ്, എംജി റോഡ്, പാളയം മുതലായ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും തീപിടുത്തം, പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത്, വാഹനാപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്. നഗരത്തിനുള്ളിൽ കാര്യക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ നിലവിലില്ലെങ്കിൽ അത് ഗുരുതരമായ അപകടങ്ങൾക്കും മനുഷ്യജീവനാശത്തിനും സ്വത്ത് നാശത്തിനും കാരണമാകും. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലനിർത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
District News
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ അവലോകനയോഗം സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ നാടൻ കലാരൂപങ്ങൾ, ഗോത്രവർഗ കലാരൂപങ്ങൾ, കരോക്കെ ഗാനമേള, നാടൻ ഗായകരുടെ ഗാനസന്ധ്യ, ഓഫ് റോഡ് ഫൺ ഡ്രൈവ്, മഴ നടത്തം, ട്രെക്കിംഗ്, ബുള്ളറ്റ് റാലി, മഴ നടത്തം, വടംവലി തുടങ്ങി വിവിധ കല കായിക വിനോദങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, മനോജ് വാഴപ്പറമ്പിൽ, അഡ്വഞ്ചർ ടൂറിസം സിഒ ബിനു കുര്യാക്കോസ്, പിആർഡി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എ.പി. നൗഷാദ്, ഡിടിപിസി ജില്ലാ ഓഫീസർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസിലെ പ്രതി വെള്ളയില്‍ പുതിയകടവ് സ്വദേശിനി നാലുകൂടി പറമ്പ് വീട്ടില്‍ പാത്തീബി (59) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള ഹോം ലാന്‍ഡ് സീ ഗേറ്റ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഡോക്ടര്‍ ദമ്പതികളുടെ ഫ്ളാറ്റില്‍ നിന്നും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന പ്രതി ഏഴ് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. ചോദ്യം ചെയ്യലില്‍ പാത്തീബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
District News
കോഴിക്കോട്: സ്റ്റോപ്പുകളിൽ നിറുത്താതെ നടുറോഡിൽ യാത്രക്കാരെ ഇറക്കുന്ന പ്രൈവറ്റ് ബസുകൾക്കെതിരേ കർശന നടപടിയുമായി ട്രാഫിക് പോലീസ്. നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യഘട്ടമായി ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ കേസെടുക്കാനും ബസ് കസ്റ്റഡിയിൽ എടുക്കാനും തീരുമാനിച്ചതായി ട്രാഫിക് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് അബ്ദുൾ ഹക്കിം അറിയിച്ചു.
എടപ്പാൾ മോട്ടോർ വെഹിക്കിൽ ട്രയിനിംഗ് സെന്ററിൽ വെച്ചാണ് ബസ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസുകൾ നടത്തുകയെന്നും ബുധനാഴ്ചയും ശനിയാഴ്ചയുമാണ് അവിടെ ക്ലാസുകളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് പലപ്പോഴും ബസ് ഉടമകൾ അറിയാറില്ല. അതിനാൽ പിഴ ചുമത്തുമ്പോൾ അത് ബാധ്യതയാകുന്നത് ബസ് ഉടമകൾക്കാണ്. അതിനാലാണ് ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടുതലായി ബസ് കയറാൻ എത്തുന്ന സമയത്ത് നഗരത്തിൽ ട്രാഫിക് പോലീസിന്റെ നിരീക്ഷണമുണ്ടാകും.
ബസുകൾ സ്റ്റാൻഡിലും സ്റ്റോപ്പുകളിലും നിറുത്താതെ റോഡിന് നടുവിൽ നിറുത്തി യാത്രക്കാരെ ഇറക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കുമെന്ന് മുന്നിൽ കണ്ടാണ് ട്രാഫിക് പോലീസിന്റെ ഇടപെടൽ.
District News
കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് രംഗത്തിറങ്ങി
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍. 58 പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലി, ഡപ്യൂട്ടി കമ്മിഷണര്‍ പദം സിംഗ്, നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എം. അബ്ദുല്‍ കരീം, കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുമേഷ്, സിറ്റി പോലീസ് പരിധിയിലെ മറ്റു പോലീസ് സ്റ്റേഷന് പരിധികളില്‍ അതാത് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, പുതിയ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മയക്കുമരുന്ന് കൂടാതെ ചിലരില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. ഓപ്പറേഷന് തൂഫാൻ ഭാഗമായുള്ള സ്പെഷല്‍ ഡ്രൈവ് പുലര്‍ച്ചെ വരെ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു.
ഓപ്പറേഷന് തൂഫാന് ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ രാവിലെ വരെ നടന്ന പരിശോധനയില്‍ 17.143 കിലോ ഗ്രാം കഞ്ചാവും 342.227 ഗ്രാം എംഡിഎംഎയും 15.15 ഗ്രാം മെത്താഫെറ്റമിനും 8.67 ഗ്രാം ബ്രൗണ്‍ ഷുഗറും 97.62 ഗ്രാം ഹാഷിഷ് ഓയിലും നാലിടങ്ങളില്‍ നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.
District News
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് ചെറുകിട ജല വൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായതിനാൽ വൈദ്യുത ഉത്പാദനം കുറവാണെന്ന് പവർഹൗസ് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം ചെറിയ തോതിൽ മഴ കിട്ടിയെങ്കിലും പുഴകളിൽ നീരൊഴുക്ക് കാര്യമായി വർധിക്കാത്തതിനാൽ പവർ ഹൗസുകളിൽ ഓരോ ജനറേറ്ററുകൾ വീതമാണ് പ്രവർത്തിക്കാനായത്.
ഈ മാസം മഴ ശക്തമായതോടെയാണ് എല്ലാ പവർ ഹൗസുകളിലും എല്ലാ ജനറേറ്ററുകളും പ്രവർത്തനക്ഷമമായത്. ചാലിപ്പുഴയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ഒന്നും രണ്ടും ഘട്ടം പവർഹൗസുകളിൽ മൂന്ന് വീതം ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ചെമ്പുകടവ് ഒന്നാം ഘട്ടം പവർഹൗസിൽ 8.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ചെമ്പുകടവ് രണ്ടാം ഘട്ടം പവർഹൗസിൽ 12.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ഉത്പാദനം ഉണ്ടായി.
ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് ജനറേറ്ററുകൾ വീതമുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള രാജരത്ന കമ്പനിയുടെ ആനക്കാംപൊയിൽ മിനി ജലവൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു. ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മിനാർ സ്റ്റീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ജനറേറ്ററുകൾ വീതമുള്ള നാരങ്ങാത്തോട് പതങ്കയം ജല വൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു.
ഇരുവഞ്ഞി പുഴയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സിയാൽ ഉടമസ്ഥതയിലുള്ള രണ്ട് ജനറേറ്ററുകളുള്ള അരിപ്പാറ ജലവൈദ്യുത പദ്ധതിയിൽ 24 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനവും നടന്നു.ഇനിയുള്ള ദിവസങ്ങളിൽ നല്ല മഴ കിട്ടിയാൽ വൈദ്യുതി ഉത്പാദനത്തിൽ വർധന ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പവർഹൗസ് അധികൃതർ.
District News
കൊയിലാണ്ടി: ദമ്പതികള്‍ക്കും യുവതികള്‍ക്കും നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് പറമ്പില്‍ ബസാര്‍ എളാറമ്പാടി കിഴക്കും മുറി അര്ജുന് (25), കണ്ണൂര്‍ കായല്ലൂര്‍ കല്ലെകുന്നുമ്മൽ ചാവശേരി റിജിൽ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി 12 ഓടെ കാപ്പാട് ബീച്ചിലെത്തിയ ചെങ്ങോട്ട്കാവ് സ്വദേശികളായ ദമ്പതികൾക്കും ഇവരുടെ ബന്ധുക്കളായ രണ്ട് യുവതികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ബീച്ചില്‍ നിന്ന് തിരിച്ച് കാറില്‍ പോകവെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കമന്റടിക്കുകയും അശ്ലീലവാക്കുകള്‍ പ്രയോഗിക്കുകയുമായിരുന്നു.
പിന്നീട് തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി പരാതിക്കാരിയുടെ ഭർത്താവിന്റെ മുഖത്തും തലയ്ക്കും കൈ കൊണ്ട് അടിക്കുകയും
തടയാൻ ശ്രമിച്ച പരാതിക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ കണ്ണിന് പരിക്കേല്‍ക്കുകയും പരാതിക്കാരിയുടെ കൈയക്ക് ചതവ് പറ്റിയിട്ടുമുണ്ട്.
തുടർന്ന് നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
District News
വടകര: കോഴിക്കോട് റൂറല്‍ പോലീസ് നടത്തിയ പ്രത്യേക കോമ്പിംഗ് ഓപറേഷനില്‍ മയക്കുമരുന്നിനെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു പുറമെ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി കേസെടുത്തു.
76 അന്തര്‍സംസ്ഥാന വാഹനങ്ങളടക്കം 1,059 വാഹനങ്ങള്‍ പരിശോധിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി 43 മൊബൈല്‍ പട്രോള്‍ ടീമുകളെ വിന്യസിച്ചിരുന്നു. 64 ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ എന്നിവയിലും 37 ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പരിസരങ്ങളിലും പരിശോധന നടത്തി. കോടതി വാറന്റ് പുറപ്പെടുവിച്ച 28 പ്രതികളെ അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചതിന് 31 കേസുകള്‍ ഉള്‍പ്പെടെ ആകെ 263 കേസുകള്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തു.
District News
കൂടരഞ്ഞി: അന്താരാഷ്ട്ര മലബാർ റിവർ ഫെസ്റ്റിവൽ പ്രീ- ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ട്രക്കിംഗ് പങ്കെടുത്തവർക്ക് നവ്യാനുഭവമായി. കൂടരഞ്ഞി പഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായി സംഘടിപ്പിച്ച ട്രക്കിംഗിൽ വിവിധ പ്രായത്തിൽപ്പെട്ട നിരവധി പേർ പങ്കെടുത്തു. സി.കെ. കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ,
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ജില്ല പഞ്ചായത്ത് അംഗം രാജേഷ് എടവലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈപ്പള്ളിയിൽ, സ്ഥിരം സമിതി ചെയർമാൻമാരയ നിസാറ ബീഗം, ആയിഷ ബി ഷിയാസ് എന്നിവർ പ്രസംഗിച്ചു.
ബാബു ചെല്ലന്തറയിൽ, ടോമി പ്ലാത്തോട്ടം, തങ്കച്ചൻ മാതാളി കുന്നേൽ, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. താഴെകക്കാട് നിന്ന് ആരംഭിച്ച ട്രക്കിംഗ് കാറ്റടിക്കുന്ന് വ്യൂ പോയിന്റ് വരെ ഏകദേശം രണ്ടര കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്. പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടായിരുന്നു യാത്ര. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരങ്ങളോടുള്ള ജനപങ്കാളിത്തവും ആവേശവും വർധിപ്പിക്കുന്നതിൽ പ്രീ-ഇവന്റുകൾ നിർണായക പങ്കുവഹിച്ചതായി സംഘാടകർ പറഞ്ഞു.
മലബാറിന്റെ വിനോദസഞ്ചാര സാധ്യതകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ ശ്രദ്ധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാർ റിവർ ഫെസ്റ്റിവലും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. 30 നാണ് മലബാർ റിവർ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
District News
കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ എഴുപത്തിരണ്ടാം നമ്പർ വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോട് ചേർന്ന് വൻതോതിൽ മാലിന്യം തള്ളുകയാണെന്ന പരാതിയിൽ ഒരാഴ്ചക്കകം മാലിന്യം നീക്കം ചെയ്ത് രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ്.
വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു മാനദണ്ഡവുമില്ലാതെയാണ് മാലിന്യം തള്ളുന്നത്. കുരുന്നുകൾക്ക് മൂക്കുപൊത്താതെ ഇവിടെ കഴിയാനാവില്ല. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് കോർപറേഷൻ പറയുന്നതായി വാർത്തയിൽ പറയുന്നു. ഹോട്ടൽ മാലിന്യം മുതൽ ശുചി മുറി മാലിന്യം വരെ ഇവിടെയുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം വരെ ഇവിടെ കുഴി വെട്ടി മൂടുന്നതായി ആരോപണമുണ്ട്. ഹരിത കർമ്മസേന താത്കാലികമായി ശേഖരിച്ച മാലിന്യം മാത്രമാണ് ഇവിടെയുള്ളതെന്നാണ് അധികൃതരുടെ ഭാഷ്യം. 23ന് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
District News
കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ കോഴിക്കോട് ജില്ലാ മത്സരങ്ങളിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ കാപ്സ് നെവർമൈൻഡിനെ തോൽപ്പിച്ചാണ് യുവ രാമനാട്ടുകര ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങൾ നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാപ്സ് നെവർമൈൻഡ് ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവ രാമനാട്ടുകര 4.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 14 പന്തുകളിൽ അഞ്ച് സിക്സറടക്കം 34 റൺസുമായി പുറത്താകാതെ നിന്ന വിവേക് മോഹനനാണ് ടീമിന് വിജയം ഒരുക്കിയത്.
വിവേക് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. മികച്ച ബാറ്ററും ടൂർണമെന്റിലെ താരവുമായി യു.എസ്.അഭിലാഷിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ഹാദിയാണ് മികച്ച ബൗളർ. ആകെ 32 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
District News
കോഴിക്കോട്: ഐഎസ്ഒ നിലവാരം കൈവരിക്കുന്നതില്‍ നൂറ് മേനി നേട്ടവുമായി ജില്ലയിലെ സിഡിഎസുകള്‍. ജില്ലയിലെ 82 സിഡിഎസുകളാണ് ഉന്നത ഗുണമേന്മ മുദ്രയായ ഐഎസ്ഒ 9001:2015 നിലവാരം കരസ്ഥമാക്കിയത്. ആദ്യഘട്ടത്തില്‍ 58 സിഡിഎസുകളും രണ്ടാം ഘട്ടത്തില്‍ 24 സിഡിഎസുകളുമാണ് സര്ട്ടിഫിക്കേഷന് നേടിയത്. ഇതിലൂടെ ഇവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്കി വരുന്ന സേവനങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. കിലയുടെ സഹകരണത്തോടെയാണ് സിഡിഎസുകള്‍ക്ക് ഐഎസ്ഒ നേടാനായത്.
ഓഫീസ് സംവിധാനത്തിന്റെയും വിഭവങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുക, ബൈലോ പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ സമയബന്ധിതമായും കൃത്യമായും നിര്‍വഹിക്കുക, പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ കാര്യങ്ങളും മെച്ചപ്പെടുത്തുക, നല്കുന്ന സേവനങ്ങളുടെ ഗുണം ഉറപ്പുവരുത്തുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ നേടാന്‍ ഐഎസ്ഒ നേടുന്നതിലൂടെ സാധിക്കും.
പ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ക്വാളിറ്റി മാനേജ്മെന്റ് സമ്പ്രദായം നടപ്പിലാക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള സിഡിഎസുകളുടെ മാറ്റം സാധ്യമാക്കിയത്. സേവനങ്ങളിലെ കാര്യക്ഷമത, ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, മികച്ച ഓഫീസ് സംവിധാനം, സ്ത്രീ-ഭിന്നശേഷി-വയോജന സൗഹൃദ സേവനങ്ങള്‍, രേഖകളുടെ കൃത്യമായ സൂക്ഷിപ്പും പരിപാലനവും, ഫ്രണ്ട് ഓഫീസ്, ഹെല്‍പ്ഡെസ്ക് സംവിധാനങ്ങള്‍, അംഗ പങ്കാളിത്തത്തോടയുള്ള ഗുണനിലവാര നയരൂപീകരണം തുടങ്ങിയ ഘടകങ്ങള്‍ ഐഎസ്ഒ പ്രക്രിയയിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ഇവ വിലയിരുത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ഗവൺമെന്റിന്റെ പദ്ധതി രൂപീകരണം മുതല്‍ നിര്‍വഹണം വരെയുള്ള ഘട്ടങ്ങളിലും സിഡിഎസുകളുടെ ഐഎസ്ഒ നിലവാരം ഗുണപരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പ്രദായികമായ രീതികളില്‍ നിന്നും വ്യത്യസ്തമായി കാലാനുസൃതമായ സേവനങ്ങള്‍ കാലതാമസം ഇല്ലാതെ അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കുടുംബശ്രീ ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ പി.സി. കവിത പറഞ്ഞു.
മികച്ച രീതിയിലുളള സമ്പാദ്യ വായ്പാ പ്രവര്‍ത്തനം, സംരംഭക വികസനം, സാമൂഹിക വികസന പദ്ധതികളുടെ വ്യാപനം, യുവജനങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലനവും തൊഴില്‍ ലഭ്യമാക്കലും, ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവ സിഡിഎസുകളുടെ നേതൃത്വത്തില്‍ ശക്തമാക്കാനും വ്യാപകമാക്കാനും ഐഎസ്ഒ ഗുണനിലവാര സര്ട്ടിഫിക്കേഷന് സഹായിക്കും.
District News
തിരുവമ്പാടി: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപ്പാത പദ്ധതി പ്രദേശത്തെ ലേബർ ക്യാന്പുകളിൽ താമസിച്ചിരുന്ന ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.
മുത്തപ്പൻപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്കാണ് 75 ജീവനക്കാരെ കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റിപ്പാർപ്പിച്ചത്.അതേസമയം, കൂടുതൽ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനിൽക്കുന്നതിനാൽ മുത്തപ്പൻപുഴ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
ചപ്പാത്ത് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായ സാഹചര്യത്തിൽ രാത്രിയിൽ വിവരമറിയാതെ എത്തുന്ന യാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് റോഡ് താൽക്കാലികമായി അടച്ചത്.സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മഴയുടെ തോത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
District News
താമരശേരി:കനത്ത മഴയെത്തുടർന്ന് താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക്. ഇന്നലെ രാവിലെ 6.45 ഓടെ ചുരം ആറാം വളവിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി ഇന്നോവ കാറിന് മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
അപകടത്തെത്തുടർന്ന് കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുലർച്ചെയോടെ മരം വീണ് പാതയടഞ്ഞത്.
സംഭവമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം, ചുരം സന്നദ്ധപ്രവർത്തകർ, ഹൈവേ പോലീസ്, നാട്ടുകാർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുകയും അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് നീക്കുകയും ചെയ്തതോടെ രാവിലെ എട്ടോടെ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.മഴ തുടരുന്നതിനാൽ ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
District News
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമപദ്ധതി തയാറാക്കി പ്രവർത്തനമാരംഭിക്കുന്നു.
ജില്ലയുടെ കിഴക്കൻ മേഖലയെ പൂർണമായും ലഹരി മാഫിയയുടെ കൈകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.കെ. കാസിം എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ എന്ന പേരിൽ പദ്ധതിയാരംഭിച്ചു. ഈ മാസം 23, 24 തിയതികളിലായി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത സ്കൂളുകളിൽ സന്ദർശനം നടത്തും.
എംഎൽഎ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ അടങ്ങുന്ന സംഘമാണ് പര്യടനം നടത്തുക. ആദ്യ ദിവസം പുതുപ്പാടിയിൽ നിന്നാരംഭിച്ച് കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി കൂടരഞ്ഞിയിൽ സമാപിക്കും. രണ്ടാം ദിവസം കൊടിയത്തൂരിൽ നിന്നാരംഭിച്ച് കാരശേരിയിലെ സന്ദർശനത്തിന് ശേഷം മുക്കത്ത് സമാപിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.
പദ്ധതിയുടെ പ്രവർത്തനം ക്രമീകരിക്കുന്നതിനായി കാരശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. കാസിം എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.പി. അബൂബക്കർ പദ്ധതി വിശദീകരിച്ചു. യോഗത്തിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. അബ്ദുൽ അക്ബർ, ടി. കവിത, ബിജു താന്നിക്കാകുഴി, ജിതിൻ പല്ലാട്ട്,
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, താമരശേരി ഡിവൈഎസ്പി വിനോദ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.എം. ബിനീഷ് കുമാർ, താമരശേരി സിഐ എ. ശ്രീധരൻ, മുക്കം എഇഒ ടി. ദീപ്തി, താമരശേരി എഇഒ പ്രമോദ്, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഏറെ പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നു വീഴാന്‍ സ്റ്റേഷന്റെ നവീകരണാര്ഥം നടത്തുന്ന പൈലിംഗ് പ്രവര്‍ത്തിയും കാരണമായിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍. ക്ലോക്ക് ടവര്‍ അപകടാവസ്ഥയിലായിട്ടും സമയബന്ധിതമായി അത് പൊളിച്ചുനീക്കാന്‍ റെയില്‍വേ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമുയര്ന്നതിനിടെയാണ് റെയില്‍വേ അധികൃതര്‍ കാലാവസ്ഥയെയും പൈലിംഗ് പ്രവൃത്തിയെയും പഴിക്കുന്നത്.
കെട്ടിടത്തില്‍ വിള്ളല്‍ കണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, അത്രത്തോളം അപകടാവസ്ഥയിലുള്ള ക്ലോക്ക് ടവറിനു സമീപമുളള രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എന്തിനാണ് ട്രെയിന്‍ നിറുത്തിയിട്ടിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ട്രെയിനിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.
അപകട വിവരമറിഞ്ഞ് എംഎല്‍എമാരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ക്ലോക്ക് ടവര്‍ തകര്‍ന്ന് വീണത് സംബന്ധിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്കും കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മന്ത്രി സുരേഷ് ഗോപിക്കും വിവരങ്ങള്‍ കൈമാറിയതായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ബാബു പറഞ്ഞു.
പാലക്കാട് ഡിവിഷന് എഡിആര്എമ്മിനോട് എംപി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കെട്ടിടം തകര്‍ന്ന് വീഴാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ഫെന്‍സിംഗ് നടത്താനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിട്ടും പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തിയിടാനുള്ള കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചതെന്നും ഭാഗ്യം കൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ലെന്നും അപകട സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ഹുസൈന് പറഞ്ഞു. ഞാന്‍ നില്‍ക്കുന്നതിന്റെ നേരെ മുന്നിലായാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടസമയത്ത് വലിയ ശബ്ദമുണ്ടായി. വൈദ്യുതി ലൈനുകളില്‍ നിന്ന് തീ പാറിയെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടക്കുന്ന സമയം ഞാന്‍ നാലാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. കട്ടിടം പകുതിയോളം തകര്‍ന്ന് താഴേക്ക് നിലം പൊത്തുന്നതാണ് ഞാന്‍ കണ്ടത്- അപകടത്തിന് ദൃക്സാക്ഷിയായ കൂടരഞ്ഞി സ്വദേശിനി അമലു പറഞ്ഞു.
സുരക്ഷാ വീഴ്ച അന്വേഷിക്കണം: മുഹമ്മദ്റിയാസ് എംഎല്‍എ
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ കെട്ടിടഭാഗം തകര്‍ന്ന സംഭവം അതീവ ഗൗരവകരമെന്നും സുരക്ഷാ വീഴ്ച അന്വേഷിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും അപകട മേഖലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അനൗണ്‍സ്മെന്റിലൂടെ യാത്രക്കാരെ വിവരം അറിയിക്കുകയും ചെയ്യണമായിരുന്നു. ദിവസേന പതിനായിരക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ കോഴിക്കോട് സ്റ്റേഷനില്‍ ഇത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തത് നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ടവറിനു സമീപം ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരം: കെ. ജയന്ത് എംഎല്‍എ
കോഴിക്കോട്: കെട്ടിടം വ്യാഴാഴ്ച പൊളിക്കാന്‍ ഇരുന്നതാണെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നതിനിടെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലെ ട്രാക്കില്‍ ട്രെയിന്‍ നിറുത്തിയിട്ടത് സംശയകരമാണെന്ന് കെ. ജയന്ത് എംഎല്‍എ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് നവീകരണ പദ്ധതിയില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. പൈലിംഗ് നടത്തുന്നതിന് മുമ്പ് പഴയ കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കേണ്ടതാണ്. ഇവിടെ അതുണ്ടായില്ലെന്നും കെ. ജയന്ത് പറഞ്ഞു.
ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവന് എംപി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ റെയില്‍വേ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവന് എംപി ആവശ്യപ്പെട്ടു.
ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന അതീവ തിരക്കുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കാണ് കോഴിക്കോട് സ്റ്റേഷന്റെ മുഖവും മുഖ്യ ആകര്‍ഷണവുമായിരുന്ന ക്ലോക്ക് ടവര്‍ തകര്‍ന്നുവീണത്. സമീപത്തെ പൈലിംഗ് പ്രവൃത്തികള്‍ ക്ലോക്ക് ടവറിന്റെ ഘടനാ സ്ഥിരതെയെ ബാധിച്ചിരുന്നോ എന്ന് റെയില്‍വേ വ്യക്തമാക്കണം.
പൈതൃക കെട്ടിടത്തിന് സമീപം യാതൊരുവിധ മുന്‍കരുതലുകളും ഒരുക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനി അധികൃതരുടെ നടപടി തികഞ്ഞ അനാസ്ഥയാണ്.
കമ്പനിയെ അടിയന്തരമായി കരിമ്പട്ടികയില്‍പ്പെടുത്തി മറ്റൊരു ഏജന്‍സിയെ നിര്മ്മാണമേല്പ്പിക്കാന് റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.
District News
മുക്കം: "ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?' പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിന്റെ ചോദ്യമാണിത്. അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത ഓഫീസുകളില്ല.
നിവേദനങ്ങൾ നൽകാത്ത ജനപ്രതിനിധികളും അധികാരികളുമില്ല. പക്ഷേ, വെറും അമ്പതു മീറ്റർ പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ വർഷങ്ങളായി തുടരുന്ന ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇതിനിടെ പത്തു മീറ്ററോളം പറമ്പ് ഇടിഞ്ഞു തീർന്നു. ഓരോ വർഷക്കാലത്തും ഇടിച്ചിൽ തുടരുകയാണ്. പുഴയോരത്ത് തൊട്ടു മുകളിലും താഴ്ഭാഗത്തും കരിങ്കൽ ഭിത്തി നിർമിച്ചപ്പോൾ ഇവിടെ അമ്പതു മീറ്റർ ഭാഗം മാത്രം ഉൾപ്പെടാതെ പോയതാണ് ഇടിച്ചിൽ തുടരാൻ കാരണം. തോടും പുഴയും ചേരുന്ന ഭാഗം കൂടിയാണിത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ പുഴയോരം ഇടിഞ്ഞ് ഇവർ താമസിക്കുന്ന വീടും നിർമാണത്തിലിരിക്കുന്ന മറ്റൊരു വീടും തീർത്തും അപകട ഭീഷണിയിലായിരിക്കുകയാണ്.
വീട്ടുകാർ കെട്ടിയുണ്ടാക്കിയ മതിൽ പുഴയിലേക്കു പതിക്കുകയായിരുന്നു. തൊട്ടു മുകളിലും താഴെയും നിർമിച്ച രീതിയിലുള്ള കരിങ്കൽ ഭിത്തി ഇവിടെയും കെട്ടിയെങ്കിലേ വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ. വീടിനും പുഴയ്ക്കും ഇടയ്ക്ക് അവശേഷിക്കുന്ന ഭാഗം ഏതു നിമിഷവും തകർന്ന് പുഴയിൽ പതിക്കാവുന്ന അവസ്ഥയിലാണുള്ളത്.
District News
കോഴിക്കോട്: കടുത്ത വന്യമൃഗശല്യമുള്ള ഉരുൾപൊട്ടൽ മേഖലയായ കൂരാച്ചുണ്ടിലെ ഉൾപ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥയും സുരക്ഷാ പ്രശ്നങ്ങളും ആരോഗ്യപരമായ ബുദ്ധിമുട്ടുകളും പരിഗണിച്ച് നിയമാനുസരണം മുൻഗണനാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
കൂരാച്ചുണ്ട് അമ്പലംകുന്ന് കോളനിയിൽ താമസിക്കുന്ന ജി. ഗീതയെ പുനരധിവസിപ്പിക്കാനാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണമെന്നും ജില്ലാ കളക്ടർക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസർക്കും നിർദ്ദേശം നൽകി. തനിക്ക് ഭർത്താവും മകനും നഷ്ടമായെന്നും അടച്ചുറപ്പില്ലാത്ത തകർന്ന വീട്ടിലാണ് താമസിക്കുന്നതെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
ലാന്റ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൂരാച്ചുണ്ട് വില്ലേജിൽ പരാതിക്കാരി താമസിക്കുന്ന 4.05 ആർ ഭൂമിയിൽ കടുത്ത വന്യമൃഗശല്യവും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ടെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞു. ചക്കിട്ടപാറ കുളത്തൂർ എസ്റ്റേറ്റിലെ ഭൂമി പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും നേരത്തെ പട്ടയം അനുവദിച്ച കക്ഷികളെ നേരിട്ട് അറിയിക്കേണ്ടതുണ്ട്.
അപേക്ഷകയുടെ അർഹത പരിശോധിച്ച് പതിവധികാരിയായ കളക്ടർക്ക് തീരുമാനമെടുക്കാമെന്ന് ലാന്റ് റവന്യു കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ കൊയിലാണ്ടി തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. പരാതിക്കാരിയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ജില്ലാ കളക്ടർ ഇക്കാര്യത്തിൽ നിയമാനുസൃതം നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
District News
മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും അലയടിക്കുമ്പോൾ മുക്കം നഗരത്തിൽ പൊതുജനങ്ങൾക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങൾ ആസ്വദിക്കാനുള്ള സൗകര്യമില്ലെന്നത് കായികപ്രേമികളെ നിരാശരാക്കുന്നു. ഒരുകാലത്ത് ലോകകപ്പും മറ്റ് പ്രധാന കായികമത്സരങ്ങളും പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന എസ്.കെ. പാർക്കിലെ ടിവി ബൂത്ത് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇതോടെ ലോകകപ്പ് മത്സരങ്ങൾ കൂട്ടമായി കാണാനുള്ള അവസരമാണ് പ്രദേശവാസികൾക്ക് നഷ്ടമായിരിക്കുന്നത്.
മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എസ്.കെ. പാർക്ക് കലാ-കായിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങൾകൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ പരിപാലനമില്ലാത്തതിനാൽ പാർക്കിന്റെ അവസ്ഥ ദിനംപ്രതി മോശമാവുകയാണെന്ന് നാട്ടുകാർ പറയുന്നു. പൊതുജനങ്ങളുടെ വിശ്രമകേന്ദ്രമാകേണ്ട പാർക്ക് ഇന്ന് അവഗണനയുടെ പ്രതീകമായി മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം.
പാർക്കിന് മുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച അലുമിനിയം ഷീറ്റ് മേൽക്കൂരയാണ് മറ്റൊരു പ്രധാന പ്രശ്നം. കോൺക്രീറ്റ് സ്ലാബിന് മുകളിലായി അശാസ്ത്രീയമായി ഷീറ്റുകൾ സ്ഥാപിച്ചതിനാൽ ചെറിയ മഴ പെയ്താൽ പോലും പലഭാഗത്തുനിന്നും വെള്ളം ചോർന്നൊലിക്കുന്നു. മഴക്കാലത്ത് പാർക്കിലെ ഇരിപ്പിടങ്ങൾ മുഴുവൻ നനയുന്നതിനാൽ സന്ദർശകർക്ക് ഇരിക്കാനോ സമയം ചെലവഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. പൊതുമുതൽ ഉപയോഗിച്ച് നിർമിച്ച സൗകര്യം ഗുണമേന്മയില്ലാത്ത നിർമാണം കാരണം പ്രയോജനരഹിതമായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാർക്കിന്റെ ശുചിത്വവും ആശങ്കയുണർത്തുന്നതാണ്. രാത്രിയും പകലും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി പാർക്ക് മാറിയതോടെ കുടുംബങ്ങളുമായി എത്തുന്നവരും കുട്ടികളുമായി എത്തുന്നവരും മടിച്ചുനിൽക്കുകയാണ്. സ്ഥിരമായ ശുചീകരണവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ലോകകപ്പ് ആവേശം വാനോളം ഉയർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ എസ്.കെ. പാർക്കിലെ ടിവി ബൂത്ത് അടിയന്തരമായി പ്രവർത്തനസജ്ജമാക്കുകയും പൊതു ജനങ്ങൾക്കായി വലിയ സ്ക്രീൻ ഒരുക്കുകയും വേണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
അതോടൊപ്പം മേൽക്കൂരയിലെ ചോർച്ച പരിഹരിച്ച് പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നഗരസഭയുടെ അനാസ്ഥക്കെതിരേ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടിവി ബൂത്തിൽ റീത്ത് സമർപ്പിച്ചിരുന്നു.
District News
പുല്ലൂരാംപാറ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാന്പയിൻ ഓപ്പഫേഷൻ തൂഫാന് പിന്തുണയുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി, ഹൈസ്കൂളുകൾ സംയുക്തമായി "തൂഫാൻ കിക്കോഫ്' സംഘടിപ്പിച്ചു.
ബാസ്ക്കറ്റ് ബോൾ താരം റോബർട്ട് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ ഷൂട്ടൗട്ട്, ഫ്ലാഷ് മോബ്, സൗഹൃദ മത്സരങ്ങൾ തുടങ്ങിയവ നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി. ജോൺ, യുപി സ്കൂൾ പ്രധാനാധ്യാപിക സി. ലിൻസി തോമസ്, കായികാധ്യാപകൻ പി.എം. എഡ്വേഡ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജോസഫ് ജോർജ്ജ്, ബിജു വി. ഫ്രാൻസിസ്, സി. സെൽമ തോമസ്, ജിഷി മാത്യു, ലിഡിയ മാത്യു എന്നിവർ നേതൃത്വം നൽകി.
District News
കോഴിക്കോട്: സിവില്‍ സര്‍വീസ് രംഗത്തേയ്ക്ക് വിദ്യാര്‍ഥികള്‍ കൂടുതലായി കടന്നുവരണമെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജില്‍ സംഘടിപ്പിച്ച ബിരുദദാന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠിക്കുന്ന വിഷയത്തില്‍ തന്നെ ജോലി കിട്ടണമെന്ന് വാശിപിടിക്കരുത്.
എഐ ഉള്‍പ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും പാഠ്യവിഷയമാക്കണമെന്നും ഋഷിരാജ് സിംഗ് നിര്‍ദ്ദേശിച്ചു.കോളജ് മാനേജര്‍ ഫാ. പോള്‍ കുരീക്കാട്ടില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബിജു ജോസഫ്, വൈസ് പ്രിന്സിപല്മാരായ ഫാ.ഡോ.സുനില്‍ ജോസ്, ഫാ.എന്‍.ജെ. ആന്റോ,ഡോ. സതീഷ് ജോര്‍ജ്, ഡോ. പി.ജെ. വിനീഷ്, പരീക്ഷാ കണ്ട്രോളര് ഡോ. ജോര്‍ജ് മാത്യു, സ്റ്റുഡന്റ്സ് പ്രതിനിധികളായ വി.എ. ആന്‍സി, വി.ഹിബാ റസാക്ക് എന്നിവര്‍ സംസാരിച്ചു.
District News
വടകര: ഫര്‍ണിച്ചര്‍ കുറിയിലൂടെ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. വടകര മുനിസിപ്പാലിറ്റിയിലെ മാക്കൂല്‍ കേന്ദ്രമായി റോയല്‍ ഫർണിച്ചര്‍ എന്ന പേരില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്കി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
മാക്കൂലില്‍ റോയല്‍ ഫര്‍ണിച്ചര്‍ തുടങ്ങിയ സംഘം വടകര മേഖലയിലുള്ളവരെ കുറിയില്‍ ചേര്‍ത്ത് ഇഷ്ടമുള്ള ഫര്‍ണിച്ചറുകള്‍ സ്വന്തമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.
മാസം ആയിരം രൂപ തോതില്‍ ഇരുപത് മാസം അടച്ചു കഴിഞ്ഞാല്‍ ഫര്‍ണിച്ചറോ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപരണങ്ങളോ ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ആളുകളെ കുറിയില്‍ ചേര്‍ത്തത്. ഓരോ മാസവും നറുക്കെടുപ്പും നിശ്ചയിച്ചിരുന്നു. നറുക്ക് കിട്ടിയാല്‍ പിന്നീട് പണം അടക്കേണ്ടതില്ലായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്തവ ലഭിക്കാതായതോടെയാണ് പണമടച്ചവര്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് ഇരയായവര്‍ മാക്കൂലിലെ ഓഫീസിലെത്തിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായും സ്ഥാപനം പൂട്ടിയതായും മനസിലാക്കുന്നത്. അപ്പോഴേക്കും പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുമായി ഒളിവില്‍ പോയിരുന്നു.
നൂറോളം പരാതികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വടകര പോലീസിന് ലഭിച്ചത്. ഇവരില്‍ പലര്‍ക്കും പതിനയ്യായിരം രൂപയിലേറെ വീതം നഷ്ടപ്പെട്ടു. കേസെടുത്ത വടകര പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ പിടികൂടിയത്. തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാന രീതിയില്‍ മലപ്പുറത്തും ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
District News
പേരാമ്പ്ര: മാധ്യമ പ്രവർത്തകരും മാധ്യമ ജാഗ്രതയും ജനാധിപത്യ സമൂഹത്തിന്റെ നില നിൽപ്പിന് അനിവാര്യമാണെന്ന് അഡ്വ. ഫാത്തിമ തഹ്ലിയ എംഎൽഎ. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ പദ്ധതികളും സുരക്ഷ ആനുകൂല്യങ്ങളും ഉറപ്പുവരുത്താൻ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തുമെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് എന്നിവർ മുഖ്യാതിഥികളായി.ജില്ലാ ജനറൽ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ് എൻ.പി. വിധു,
ജില്ലാ ട്രഷറർ കെ.ടി.കെ. റഷീദ്, സംസ്ഥാന കമ്മിറ്റിയംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ.പി. സതീഷ്, ജില്ലാകമ്മിറ്റിയംഗങ്ങളായ രഘുനാഥ് പുറ്റാട്, ധ്രുവൻ നായർ, സി.കെ. ബാലകൃഷ്ണൻ, ശ്രീജീഷ് ചെമ്മരൻ, സുധീർ പ്രകാശ് വടകര തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ദേവരാജ് കന്നാട്ടി (പ്രസിഡന്റ്), എൻ.കെ. കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം കൽപ്പത്തൂർ (വൈസ് പ്രസിഡന്റ്), സുരേഷ് നൊച്ചാട് (സെക്രട്ടറി), മഹേഷ് കുമാർ, എൻ.പി. സുബിത (ജോ. സെക്രട്ടറിമാർ), യു.കെ. ഷിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
District News
പേരാമ്പ്ര: ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന സിഐടിയു സമീപനം അപലപനീയമാണെന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ മിനി വട്ടക്കണ്ടി, വഹീദ പാറേമ്മൽ, രാജൻ മരുതേരി, വി.ബി രാജേഷ്, കെ.കെ. സുവർണ്ണ, ലിജി ഷിജു എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
കാലാവധി കഴിഞ്ഞ താൽക്കാലിക ജീവനക്കാർക്കു പകരം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആശുപത്രി വികസന സമിതി നിയമാനുസൃതം ഇന്റർവ്യൂ നടത്തിയാണ് നിയമിച്ചത്. കഴിഞ്ഞ 25 വർഷമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഗവ. താലൂക്ക് ആശുപത്രിയിലെ നിയമനങ്ങൾ മുഴുവൻ രാഷ്ട്രീയ പ്രേരിതവും ആവശ്യമായ യോഗ്യതകൾ ഇല്ലാത്തവരുമായിരുന്നു.
അത്തരം ആളുകളുടെ സേവനമാണ് അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്. മാത്രമല്ല ആവശ്യമായ കരാറുകളും രേഖകളുമില്ലാതെ നിലവിൽ 40 ഓളം കരാർ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ജീവനക്കാരെ ഒഴിവാക്കി പകരം യോഗ്യതയുള്ള പുതിയ ജീവനക്കാരെ ഇന്റർവ്യൂ നടത്തി നിയമിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നടന്ന അഴിമതിയും ഗുരുതരമായ കൃത്യ വിലോപങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനെതിരേയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്നും അംഗങ്ങൾ പറഞ്ഞു.
District News
കോഴിക്കോട്: കോഴിക്കോട് ഗവ മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിന്റെ (എംസിഎച്ച് യൂണിറ്റ്) സമഗ്ര വികസനത്തിന് ഉടൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും മന്ത്രി കെ. മുരളീധരൻ.
വികസന സാധ്യതകൾ നേരിട്ടറിയാൻ ആശുപത്രി സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഏകദേശം 50 കോടിയുടെ വികസന പ്രവൃത്തികൾക്കുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നതെന്നും എത്രയും വേഗം ഇത് തയാറാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മൂന്ന് വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ആവശ്യമായ കെട്ടിട സൗകര്യങ്ങളായാൽ തുടർപ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാണ്. സർക്കാർ ആശുപത്രികളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് നയം. രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം.എ. റസാഖ് എംഎൽഎഅധ്യക്ഷനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ തിരക്ക് കുറക്കുന്നതിനും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ചെറൂപ്പ ആശുപത്രിയുടെ വികസനം സഹായകമാവുമെന്ന് എംഎൽഎ പറഞ്ഞു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വിശിഷ്ടാതിഥിയായിരുന്നു.
District News
വടകര: കനത്ത മഴയെ തുടര്‍ന്ന് മീത്തലെ മുക്കാളിയില്‍ ദേശീയപാതക്കരികില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞു. ദേശീയപാതയുടെ കിഴക്കുഭാഗത്താണ് ഇന്നലെ രാവിലെ മണ്ണിടിഞ്ഞത്. പുതുതായി നിര്‍മാണം നടക്കുന്ന വടക്കേ പുനത്തില്‍ അഭിലാഷിന്റെ വീടിന്റെ അടുത്തുവരെ മണ്ണിടിഞ്ഞിരിക്കുകയാണ്.
വികസന പ്രവൃത്തി നടക്കുന്ന ദേശീയപാതയോട് ചേര്‍ന്ന് സുരക്ഷാഭിത്തി പണിയാന്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് ഈ പരിസരം അപകടമേഖലയായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഇന്ന് കല്ലും മണ്ണും വന്‍തോതില്‍ താഴേക്കു പതിച്ചു. കനത്ത മഴ തുടരുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇപ്പോഴത്തെ അവസ്ഥ റോഡ് ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും സുരക്ഷ അനിവാര്യമാണെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ദേശീയപാതയിലെ സോയില്‍ നെയിലിംഗ് ഭിത്തി തകര്‍ന്ന പ്രദേശമാണിവിടം. ഇതിനു പകരം കോണ്‍ക്രീറ്റ് മതില് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സമീപം വന്‍തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. സംഭവമറിഞ്ഞ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്, ആര്‍ഡിഒ കെ.കെ.പ്രസീല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീടിനു മുകളിൽ പുളി മരം വീണു
കൊയിലാണ്ടി: മൂടാടി പാലക്കുളങ്ങര ഗോഖലെ സ്കൂളിന് സമീപം വീടിനു മുകളിൽ വൻ പുളി മരം കടപുഴകി വീണ് വീടു തകർന്നു.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മണലോടിക്കുനി ബഷീറിന്റെ വീടിനു മുകളിൽ പുളിമരം കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയും സ്ലാബും വാട്ടർടാങ്ക് ഉൾപ്പെടെ തകർന്നു. വില്ലേജ് ഓഫീസര്‍ക്ക് പരാതി നൽകി .
മണ്ണിടിഞ്ഞ് വീണു
കോടഞ്ചേരി:മുണ്ടൂർ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന മുതുകുറ്റിയിൽ ജോസിന്റെ വീടിന്റെ പുറകിലേക്ക് കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് രാത്രി പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു.
വീട് തകർന്നു
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണ് വീടിന് കേട്പാടുകൾ സംഭവിച്ചു.
കുറുവങ്ങാട് എടക്കണ്ടിയിൽ സാരംഗിയിൽ സുന്ദരന്റെ വീടിന് പിൻഭാഗത്തെ തെങ്ങാണ് മുറിഞ്ഞ് വീണത്. പുലർച്ചെ നാലോടെയാണ് അപകടം. വീടിന്റെ മുകൾ നിലയിലെ കിടപ്പ് മുറിയുടെ കോൺക്രീറ്റിനും തൊട്ടടുത്ത തേങ്ങാക്കൂടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
District News
കോഴിക്കോട്: കാഫിര്‍ സ്കേീന് ഷോട്ട് കേസില്‍ റിമാന്‍ഡിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് ജിതില്‍ ഭാസ്കര്‍ ജാമ്യത്തിലിറങ്ങി.ജിതിന് ഭാസ്കറിന് സിപിഎം,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. വടകര സബ് ജയില്‍ കവാടത്തില്‍ ജിതിന് ഭാസ്കറിനെ നേതാക്കള്‍ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.
പിന്നീട് നേതാക്കള്‍ നഗരത്തില്‍ പ്രകടനം നടത്തി. കേസില്‍ അറസ്റ്റിലായ ജിതിന് ജൂണ്‍ 16 മുതല്‍ റിമാന്‍ഡിലായിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ജിതിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് അനുവദിച്ചത്.
District News
കോഴിക്കോട് : ഓപറേഷന് തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ സിറ്റിയുടെ പല ഭാഗങ്ങളിലും എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന അഞ്ച് പേര് പിടിയില്‍.
കക്കോടി കിഴക്കുമുറി സ്വദേശി കാരുണ്യം വീട്ടില്‍ ലൂദ്ഫാൻ അലി (22 ) മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി മണ്ണിൽ തൊടിയില്‍ വീട്ടില്‍ ജിഫ്രി അൽഹാസ് (22 ) കിരാലൂർ കിഴക്കുമുറി സ്വദേശി കുറത്തോളി വീട്ടില്‍ മുഹമ്മദ് റഷ്ദാൻ (22 ) സൗത്ത് ബീച്ച് പരപ്പില്‍ സ്വദേശികളായ സിയ വീട്ടില്‍ മുഹമ്മദ് (30 ) എംകെ. റോഡ് ഹന മഹലില്‍ ദിയ മുഹമ്മദ് ബഹ് ബഹാനി (22 ) അസ്മാ മൻസിലിൽ മുഹമ്മദ് നാസ് (24 )
കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശി ചെറിയചക്കാല തോപ്പ് യാസർ വില്ലയില്‍ മുഹമ്മദ് ഷഹാദുൽ അഫം (25 ) നടക്കാവ് സ്വദേശി നാലുകൂടിപറമ്പില് മുഹമ്മദ് അന്‍ഷാദ് (26) എന്നിവരെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തുകയും വീടിന്റെ ഹാളിലെ കട്ടിലില്‍ പ്രതികള്‍ വില്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും മയക്കുമരുന്ന് വില്പന നടത്തുന്നതിനായുള്ള ഒന്‍പത് സിപ്പ് ലോക്ക് കവറുകളും 124 ചെറിയ ബോട്ടിലുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബര്‍ണര്‍ പൈപ്പുകളും കണ്ടെടുത്തു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്നും പ്രതികള്‍ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
District News
പരിഹാരം കണ്ടെത്താന്‍ നിര്‍ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ സെറ്റിൽമെന്റ് നിവാസികൾക്ക് പട്ടയം നൽകുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് എത്രയും വേഗം ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണമായ വിഷയമാണിത്.നിയമാനുസൃതമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലാൻഡ് ബോർഡിന്റെ നിർദേശപ്രകാരം അർഹരായ കൈവശക്കാർക്ക് അവകാശം ഉറപ്പാക്കി പട്ടയം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.
വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘം രൂപീകരിച്ച് രേഖാശേഖരണവും പരിശോധനയും നടത്തി വരുന്നുണ്ട്. ഏകദേശം 400 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പട്ടയം ലഭിക്കുന്നതിനായി കാത്തിരിക്കുന്നത്.
പുതുപ്പാടി ജില്ലയിലെ സർവേ നമ്പർ 1/1 ൽ ഉൾപ്പെടുന്ന ഏകദേശം 100 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്നം നിലനിൽക്കുന്നത്. മിച്ചഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ നഷ്ടമായതിനാൽ മിച്ച ഭൂമിയും മറ്റു ഭൂമികളും വ്യക്തമായി വേർതിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതാണ് പട്ടയം അനുവദിക്കുന്ന നടപടികൾ നീളാൻ കാരണം. ആകെയുള്ള 7700 ഏക്കർ ഭൂമിയിൽ ഏതാണ്ട് പകുതിയോളം ഭൂമി നിക്ഷിപ്ത വനഭൂമിയായി തിരിച്ചിട്ടുള്ളതും 500 ഏക്കറിൽ താഴെയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതുമാണ്.
ശേഷിക്കുന്ന ഭൂമി സർക്കാർ ഭൂമിയല്ലാത്തതിനാൽ ലാന്റ് അസൈൻമെന്റ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കാൻ കഴിയില്ല. വിഷയം ശാശ്വതമായി പരിഹരിക്കുന്നതിന് താമരശേരി താലൂക്ക് ഓഫീസ്, ലാന്‍ഡ് ട്രിബ്യൂണൽ ഓഫീസ്, ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
District News
കോഴിക്കോട്: നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട എംഡിഎംഎ കേസ് പ്രതികൾ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് നന്മണ്ട സ്വദേശിയായ അനന്തുവും പുതിയാപ്പ സ്വദേശിയായ കീർത്തനയും പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പിടിയിലായ അനന്തു. കഴിഞ്ഞമാസം എട്ടിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാർ ഉപേക്ഷിച്ച് അനന്തുവും കീർത്തനയും രക്ഷപ്പെട്ടത്.
പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയിരുന്നു. എംഡിഎംഎ വിൽപ്പനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പോലീസ് കണ്ടത്തൽ. നഗരത്തിലെ ഹോട്ടലുകളിൽ മുറിയെടുത്ത് യുവാക്കളെ ഹോട്ടലിൽ എത്തിച്ചാണ് കീർത്തന എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഒളിത്താവളത്തിലായിരുന്നു ഇരുവരുടെയും താമസം.
District News
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി യായ ടി.ജെ. സജൽ ഫിഫ ലോകകപ്പിന്റെ ആകർഷകമായ മാതൃക നിർമിച്ച് ശ്രദ്ധേയനായി.
മോഡൽ നിർമാണ രംഗത്ത് സജൽ ഇതിനുമുമ്പും മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങളിലും മോഡൽ നിർമാണ മത്സരങ്ങളിലും പങ്കെടുത്ത് ജില്ലാതലത്തിൽ മെഡലുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
District News
കുന്നമംഗലം: കുന്നമംഗലത്തെ ആൽഫാ മരിയ അക്കാദമിയിൽ ജർമൻ ഭാഷാപഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായുള്ള ജർമൻ കോൺവൊക്കേഷൻ ചടങ്ങും പുതിയ അക്കാദമിക് വർഷത്തിന്റെ ഉദ്ഘാടനവും നടത്തി.വിദ്യാര്‍ഥികളുടെ പരിശ്രമവും അധ്യാപകരുടെ സമർപ്പണവും രക്ഷിതാക്കളുടെ പിന്തുണയും അക്കാദമിയുടെ വളർച്ചയ്ക്ക് വലിയ കരുത്തായതായി ആൽഫാ മരിയ അക്കാദമി ഡയറക്ടർ ഫാ. ജോസഫ് പുളിച്ചമാക്കൽ പറഞ്ഞു.
പുതിയ അക്കാദമിക് വർഷത്തിൽ കൂടുതൽ പഠനാവസരങ്ങളും പരിശീലന പരിപാടികളും ഒരുക്കുമെന്നും വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും അക്കാദമി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജർമൻ ഭാഷാപഠനം വിദ്യാര്‍ഥികളുടെ ഭാവി സാധ്യതകൾ വിപുലീകരിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ അക്കാദമിക് വർഷത്തിന്റെ ഔപചാരിക ഉദ്ഘാടനം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചാനാനിയില്‍ നിര്‍വഹിച്ചു.
തുടർന്ന് ജർമൻ ഭാഷാപഠനം പൂർത്തിയാക്കിയ വിദ്യാര്‍ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജർമൻ ഭാഷാപ്രാവീണ്യം വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനും അന്തർദേശീയ തൊഴിൽ അവസരങ്ങൾക്കും പുതിയ വാതായനങ്ങൾ തുറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആൽഫാ മരിയ ട്രസ്റ്റ് പ്രതിനിധി മോൺ. ഏബ്രഹാം വയലിൽ സന്നിഹിതനായിരുന്നു.വിവിധ കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു.
District News
കൂരാച്ചുണ്ട്: വയോധികരായ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് പിഡബ്ല്യഡി നിർമിച്ചു നൽകുന്ന നടപ്പാതയുടെ പ്രവൃത്തി വൈകുന്നുവെന്ന് ആക്ഷേപം. കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പതിയിൽ ഭാഗത്ത് താമസിക്കുന്ന പൂവത്തോലിൽ പി.സി. ജോസഫും കിടപ്പുരോഗിയായി കഴിയുന്ന ജോസഫിന്റെ ഭാര്യ ആനി ജോസഫും അടങ്ങുന്ന കുടുംബമാണ് നടപ്പാത നിർമാണം വൈകുന്നതിനെ തുടർന്ന് ബുദ്ധിമുട്ടിലായത്.
നിലവിൽ റോഡിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഇരുപത് അടിയോളം ഉയരമുള്ള റോഡിന്റെ കരിങ്കൽ കെട്ടിലുള്ള കുത്തുകല്ലിറങ്ങണം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൻമേൽ പതിയിൽ-കൂരാച്ചുണ്ട് പിഡബ്ല്യുഡി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള കൽവെർട്ട് നിർമാണത്തോട് ചേർന്ന് നടപ്പാത നിർമിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചത്.
രോഗശയ്യയിലായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണെന്ന് ജോസഫ് പറയുന്നു. ഈ സാഹചര്യത്തിൽ പ്രവൃത്തി വേഗത്തിലാക്കി തരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഈ വിഷയം സംബന്ധിച്ച് എംഎൽഎയെ സമീപിച്ചതായും ജോസഫ് പറഞ്ഞു.
District News
മുക്കം: മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജയെ (40) യാണ് താമരശേരി ഡിവൈഎസ്പി പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. മുക്കം മുണ്ടുപാറ പുല്ലമ്പാടിപറമ്പിൽ മുഹമ്മദ് ഹനീഫ (36)യെ 517 ഗ്രാം എംഡിഎംഎയുമായി അഗസ്ത്യമൂഴിയിൽ നിന്നും ഡാൻസാഫ് സംഘം മുന്‍പ് പിടികൂടിയിരുന്നു. തുടർന്ന് ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ഇവിടെയുണ്ടായിരുന്ന ബേപ്പൂർ സ്വദേശിനി റൈഹാനത്ത് അറസ്റ്റിലാവുകയും ചെയ്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹനീഫ വൻതോതിൽ എംഡിഎംഎ കേരളത്തിൽ എത്തിച്ചു വില്പന നടത്തിയതായി കണ്ടെത്തി.
കേരളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് അന്ന് മുക്കത്ത് നടന്നത്. ഹനീഫയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമാണ് ഇന്നലെ അറസ്റ്റിലായ ഖദീജ. ഹനീഫയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നത്.
ഫാഷൻ ഡിസൈനിംഗാണ് ഇവരുടെ ജോലി. മേയ് 23 ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി ഡൽഹിക്ക് തെളിവെടുപ്പിനായി കൊണ്ട് പോകുന്നതിനിടെ വഡോദരയിൽ വെച്ച് ഹനീഫ ട്രെയിനിൽ നിന്നുംചാടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പത്താം ദിവസമാണ് ഇയാൾ കർണാടകയിലെ കൽബുർഗിൽ വച്ച് പോലീസിന്റെ പിടിയിലാകുന്നത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് ഖദീജയായിരുന്നു ഇയാൾക്ക് വേണ്ടി പലതവണയായി ഒന്നര ലക്ഷത്തോളം രൂപ സാമ്പത്തിക സഹായം നൽകിയത്.
District News
കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ മൂന്നാം ദിനമായ ഇന്നലെ 8,830 കുട്ടികൾക്ക് കൂടി തുള്ളിമരുന്ന് നൽകി. ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 137 കുട്ടികളും ഉൾപ്പെടും.
ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തിയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ട്രാൻസിറ്റ് ബൂത്തുകൾ വഴിയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴിയുമാണ് പോളിയോ മരുന്ന് നൽകിയത്. ഇതോടെ ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകിയ കുട്ടികളുടെ എണ്ണം 1,85,171 ആയി.
ഇതിൽ1,301 പേർ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്. ജില്ലയിൽ അഞ്ച് വയസിൽ താഴെയുള്ള 1,89,345 കുട്ടികളാണുള്ളത്. ഇതിൽ 97.80 ശതമാനം പേർക്കാണ് തുള്ളിമരുന്ന് നൽകിയത്.
District News
കൂടത്തായി: സ്കൂൾ വിദ്യാര്‍ഥികളുടെ പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനവും സയൻസ്, കണക്ക്, പൊതുവിജ്ഞാനം, ചെറുകഥകൾ, ക്വിസ് കോമ്പറ്റീഷൻ എന്നിവയിൽ പ്രാവീണ്യം നേടുന്നതിന് സഹായകവുമായ "ചിൽഡ്രൻസ് ഡൈജസ്റ്റ് റീഡ് ആന്‍ഡ് ഗ്രോ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ ദീപിക റസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസിന് ചിൽഡ്രൻസ് ഡൈജസ്റ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് സത്താർ പുറായിൽ, ദീപിക സീനിയർ ഏരിയാ മാനേജർ ഷാജി ജോസ്, ഡിസിഎൽ കോ ഓർഡിനേറ്റർ നമിത ബാബു, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ്, മിനി കുര്യൻ, സുമേഷ്, എം.സി. ലിൻസി എന്നിവർ പങ്കെടുത്തു .
District News
കോടഞ്ചേരി: നോളജ് സിറ്റി കാമ്പസുകളില്‍ നിന്നും ജീവിതത്തില്‍ നിന്നും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെ പൂര്‍ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന നാര്‍ക്കോട്ടിക് ഹണ്ട് കാമ്പയിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ "തൂഫാന് കിക്ക്' സംഘടിപ്പിച്ചു. താമരശേരി ഡിവൈഎസ്പി പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ലഹരിമുക്ത യുവതലമുറയെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് തൂഫാന് കിക്കില്‍ പങ്കാളികളായത്. "ലഹരിയില്ലാത്ത കാമ്പസ്, ലഹരിയില്ലാത്ത ജീവിതം' എന്ന പ്രധാന സന്ദേശമാണ് തൂഫാന് കിക്ക് മുന്നോട്ടുവയ്ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വിവിധങ്ങളായ പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. മര്‍കസ് നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. റോഷന് നൂറാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
District News
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ നെല്ലിക്കാപ്പറമ്പ് ആദംപടിയിൽ നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ റോഡിലേക്ക് മറിഞ്ഞ് അപകടം. നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. മഴ പെയ്യുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ റോഡിൽ തെന്നിമറിയുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാരും യാത്രക്കാരായ ചിലരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഇതേ റോഡിൽ കഴിഞ്ഞ ദിവസം കറുത്തപറമ്പിന് സമീപം നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചും അപകടമുണ്ടായിരുന്നു. രണ്ടപകടങ്ങളിലും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തമുണ്ടാകാതിരുന്നത്.
അരീക്കോട്-മുക്കം റോഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. അശാസ്ത്രീയ നിർമാണവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന ആരോപണം നേരത്തേയുണ്ട്.
District News
നാദാപുരം: ചെക്യാട്, വളയം പഞ്ചായത്തുകളുടെ അതിർത്തിയായ കണ്ടിവാതുക്കൽ അഭയഗിരിയിൽ കാട്ടാനക്കൂട്ടമെത്തി കൃഷിനാശം വരുത്തി. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഈ മേഖലയിൽ സോളാർ വേലികളോ, കിടങ്ങുകളോ ഒന്നുംതന്നെ ഇല്ല. പിലാക്കണ്ടി ഉഷ, രയരപ്പൻ, മാക്കൂൽ കേളപ്പൻ, പി.സി. ചന്ദ്രൻ, കാട്ടിക്കുഴി നിഷ, കാട്ടിക്കുഴി കേളപ്പൻ, കുന്നുമ്മൽ കുങ്കൻ, പൂവത്താണിക്കുന്നേൽ മാത്യു എന്നിവരുടെ കൃഷിയിടത്തിലാണ്ആനക്കൂട്ടം നാശം വരുത്തിയത്.
വാഴ , തെങ്ങ് , റബർ, കമുക് എന്നിവ നശിപ്പിക്കപ്പെട്ടു. മൂന്ന് ദിവസമായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ച് നിൽക്കുകയാണ്. വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിലും ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ പടക്കം പൊട്ടിച്ചാണ് ആനകളെ തുരത്തുന്നത്. വനാതിർത്തിയിലെ സോളാർ കമ്പിവേലികൾ പലയിടത്തും പ്രവർത്തനരഹിതമായതും ആനകൾക്ക് സൗകര്യപ്രദമാകുന്നുണ്ട്.
District News
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിൽ വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന പഞ്ഞമാസ ആനുകൂല്യം (സമ്പാദ്യ സമാശ്വാസ പദ്ധതി) വിതരണം വൈകുന്നു.സൗജന്യ റേഷനും വിതരണം ചെയ്തില്ല. ജില്ലയിൽ 13,637 പേർക്കായി 8.18 കോടി രൂപയ്ക്ക് മുകളിലാണ് സമ്പാദ്യ സമാശ്വാസ പദ്ധതിയിനത്തിൽ നൽകേണ്ടത്.
യന്ത്രവൽകൃത മത്സ്യയാനങ്ങളിൽ പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികൾക്ക് റേഷനും നൽകണം. 1,500 രൂപ ആദ്യഗഡുവായി നൽകുകയാണെങ്കിൽ സമാശ്വാസ പദ്ധതിയിൽ 2,04,55,500 രൂപ വിതരണം ചെയ്യണം. എന്നാൽ ട്രോളിംഗ് നിരോധനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ആദ്യഗഡുവിന്റെ വിതരണം പോലും ആരംഭിച്ചത്.
ഇതാകട്ടെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. മേയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്നുഗഡുക്കളായി 6,000 രൂപയാണ് നൽകേണ്ടത്. ട്രഷറി നിയന്ത്രണം ഉള്ളതിനാലാണ് സഹായം വിതരണം ചെയ്യാൻ വൈകിയതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടര്‍ പങ്കെടുത്ത യോഗത്തിൽ സൗജന്യ റേഷന്‍ പുതിയ അപേക്ഷ ക്ഷണിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ഇതിൽ ഉൾപ്പെടുത്തിയവരുടെയും ആനുകൂല്യ പട്ടികയിൽ മുമ്പുണ്ടായിരുന്നവരുടെയും പട്ടിക സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറിയെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്.
എന്നാൽ ഇതുവരെ വിതരണം നടന്നില്ല. ട്രോളിംഗ് നിരോധനമായതിനാൽ അനക്കമറ്റുകിടക്കുന്ന തീരദേശത്തിന് സമാശ്വാസമാകുമായിരുന്ന പദ്ധതിയാണ് കാലതാമസം നേരിടുന്നത്.
പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ മന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ ധനസഹായവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന് കത്ത് നൽകി.
റേഷനും ധനസഹായവും വൈകുന്നതിനാൽ തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യസുരക്ഷാ ആശങ്കയും നേരിടുന്നു.
അടിയന്തര ഇടപെടൽ നടത്തി റേഷൻ, ധനസഹായ വിതരണത്തിനുള്ള നടപടി സ്വീകരിക്കണമെന്നും റിയാസ് മന്ത്രിയോട് അഭ്യർഥിച്ചു.
District News
ബാലുശേരി: ബാലുശേരി-കോട്ട തിരുവാഞ്ചേരി റോഡിൽ രൂപപ്പെട്ട വലിയ അപകടക്കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു.നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള കാൽനട യാത്രക്കാരും ദിനംപ്രതി ഉപയോഗിക്കുന്ന ഈ റോഡിലെ കുഴി മഴ പെയ്യുന്നതോടെ വെള്ളം നിറഞ്ഞ് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.
കുഴിയുടെ ആഴം മനസിലാകാതെ വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ അപകടഭീഷണി നേരിടുന്നത്.
മഴക്കാലമായതിനാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. അപകടങ്ങൾ വർധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
District News
മുക്കം: കാരശേരി പഞ്ചായത്ത് എട്ടാംവാർഡിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർവകക്ഷിയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവ്യ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ,ഘടക സ്ഥാപന മേധാവികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി വർക്കർമാർ എന്നിവർ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വാർഡ് മെംബർമാരും ആശാവർക്കർമാരും രോഗം റിപ്പോർട്ട് ചെയ്ത സ്ഥലം സന്ദർശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ റസിഡൻസ് അസോസിയേഷനുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
District News
കോഴിക്കോട്: കെഎസ്ഇബി മെഡിക്കൽ കോളജ് കോവൂർ സെക്ഷന്റെയും ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കോളജിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
കോവൂർ സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ റിതിൻ റാം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയിൽ ഉണ്ടാകാനിടയുള്ള വിവിധ അപകടങ്ങളെയും വൈദ്യുതി സുരക്ഷയോടെ ഉപയോഗിക്കുന്നതിനെപ്പറ്റിയും അദ്ദേഹം ക്ലാസെടുത്തു.
കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, പ്രഫ. ചാർലി കട്ടക്കയം, ഫിസിക്സ് വകുപ്പ് മേധാവി ഡോ. എൻ.അപർണ, ഡോ. നിജേഷ്. കെ. ജെയിംസ് എന്നിവർ പ്രസംഗിച്ചു.
District News
പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പ്രവർത്തകർ എംഎൽഎ ഫാത്തിമ തഹ്ലിയയ്ക്ക് നിവേദനം നൽകി. മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര ടൗണിൽ വാഹനങ്ങളിൽ സിഎൻജി നിറയ്ക്കാൻ സൗകര്യമില്ല. പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും സിഎൻജി വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നതിനായി കിലോമീറ്ററുകൾ പോകേണ്ട അവസ്ഥയാണുള്ളത്.
ഇതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളാണ്. ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഇവർക്ക് 20 മുതൽ 35 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രയാസം എംഎൽഎയെ ബോധ്യപ്പെടുത്താൻ ഓട്ടോ തൊഴിലാളികൾ ഒപ്പ് ശേഖരണം നടത്തി നിവേദനം സമർപ്പിച്ചത്.
ഐഎൻടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി എംഎൽഎയ്ക്ക് നിവേദനം കൈമാറി. ഐഎൻടിയുസി പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് കെ. ജയചന്ദ്രൻ, സെക്രട്ടറി സി.പി. രാജീവൻ, ബാലൻ കല്ലൂർ, പി. സുഭാഷ് എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.
District News
നാദാപുരം: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിൽ ബസ് സ്റ്റാന്‍ഡില്‍ വാക്ക് തർക്കവും പോർവിളിയും. രണ്ട് സ്വകാര്യ ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
തലശേരി റൂട്ടിൽ ഓടുന്ന ജഗന്നാഥ, റീഗൽ ബസുകളിലെ തൊഴിലാളികളാണ് നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി പോർവിളിയിലേർപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. തലശേരിയില്‍ നിന്നും തൊട്ടിൽപാലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് തൊഴിലാളികളുടെ പോര് തുടങ്ങിയത്.
ഇരു ബസിലും യാത്രക്കാരും ഉണ്ടായിരുന്നു. സമയക്രമം പാലിക്കുന്നില്ലെന്ന പരാതിയിൽ ട്രാഫിക് പോലീസ് ഇടപെട്ട് ഇരു ബസുകളിലെയും മാനേജർമാരെയും അസോസിയേഷൻ പ്രതിനിധികളെയും സ്റ്റേഷനിൽ വിളിപ്പിച്ച് ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും തൊഴിലാളികൾ തമ്മിൽ കൊമ്പ് കോർത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
District News
വടകര: ഇന്നുമുതല്‍ നടത്താന്‍ തീരുമാനിച്ച വടകര താലൂക്കിലെ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം ആര്‍ഡിഒ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ മാറ്റിവയ്ക്കാന്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളുടെയും തൊഴിലാളി യൂണിയന് നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ലിങ്ക് റോഡില്‍ നിന്ന് ബസുകള്‍ പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതിന് മുന്‍പായി തൊഴിലാളി യൂണിയന് നേതാക്കളും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളും ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കിയിരുന്നു.
ഈ ഉറപ്പ് പാലിക്കപ്പെടാതെ സര്‍വീസ്റോഡിലും മാര്‍ക്കറ്റ് റോഡിലും ജെ.ടി. റോഡിലും ഗതാഗത കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ബസ് സമരം പ്രഖ്യാപിച്ചത്. യോഗത്തില്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് താലൂക്ക് പ്രസിഡന്റ് സല്‍വ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് ഭാരവാഹികളായ എ.പി.ഹരിദാസന്, എം.കെ.ഗോപാലന്, ഇ. ജിജു കുമാര്‍, സുനി ശ്രീരാം, കെ.കെ. മനോജ്, തൊഴിലാളി യൂണിയന് നേതാക്കളായ എ.സതീശന്, എം. ബാലകൃഷ്ണന്, അഡ്വ. ഇ. നാരായണന് നായര്‍, വിനോദ് ചെറിയത്ത്, പി. സജീവ് കുമാര്‍, കെ. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
District News
കോഴിക്കോട് : അരയിടത്തുപാലം മേൽപ്പാലത്തിലെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും യാതൊരു കാലതാമസവും കൂടാതെ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് (റോഡുകളും പാലങ്ങളും) നിർദ്ദേശം നൽകി.
ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കാർ ബൈക്കിലിടിച്ച് മേൽപാലത്തിൽ നിന്നും താഴേക്ക് വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ ഇടിച്ചതിനെ തുടർന്ന് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന അൽ സാബിത്താണ് (19) ഇരുപത് അടി താഴെ വീണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.മേൽപാലത്തിലെ കൈവരിയുടെ അപര്യാപ്തമായ ഉയരവും ചില സ്പാനുകൾക്കിടയിലെ അപകടകരമായ അകൽച്ചയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന് ചൂണ്ടിക്കാട്ടി.
എന്നിട്ടും സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മേൽപാലത്തിലെ അപകടങ്ങൾ വർദ്ധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ ജാഗ്രതക്കുറവും സമയോചിതമായ ഇടപെടലിന്റെ അഭാവവും ആശങ്കയുണ്ടാക്കുന്നതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
District News
ബാലുശേരി: ബാലുശേരി കണ്ണാടി പോയിൽ റോഡിൽ ബാലുശേരി ഹൈസ്കൂളിന് സമീപം മർക്കസ് ജംഗ്ഷനിൽ ഡ്രൈനേജ് സൗകര്യമില്ലാത്തതിനാൽ മഴപെയ്യുമ്പോൾ മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമായി മാറുന്നു.
ബാലുശേരി ഹൈസ്കൂളിലേക്കും മാർക്കസ് സ്കൂളിലേക്കും ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ പോകുന്ന പ്രധാന വഴിയാണിത്.മഴക്കാലത്ത് റോഡിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ റോഡിന്റെ നടുഭാഗത്തുകൂടിയാണ് സഞ്ചരിക്കേണ്ടി വരുന്നത്.
ഇത് അപകടസാധ്യത വർധിക്കുന്നതായാണ് പരാതി. വിദ്യാർഥികളുടെ സുരക്ഷയും കാൽനടയാത്രക്കാരുടെ സൗകര്യവും മുൻനിർത്തി ഈ ഭാഗത്ത് അടിയന്തരമായി ഡ്രൈനേജ് നിർമിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
മഴക്കാലത്ത് അപകടഭീഷണി ഒഴിവാക്കാൻ വിഷയത്തിൽ ഉടൻ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
District News
കൂരാച്ചുണ്ട്: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ടിബി മുക്ത് ഭാരത് - ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന 2025- ലെ ക്ഷയരോഗ മുക്ത പഞ്ചായത്തിനുള്ള പുരസ്കാരം കൂരാച്ചുണ്ട് പഞ്ചായത്തിന് ലഭിച്ചു.
ക്ഷയരോഗ ബാധിതരെ യഥാസമയം കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ഇതിന് അർഹമാക്കിയത്.
ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനനിൽ നിന്ന് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം പുല്ലംകുന്നേൽ, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. അസ്ലം ഫാറൂഖ്, ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
District News
താമരശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം ചമൽ കാട്ടുചോലയ്ക്ക് അരികിൽ ഒളിപ്പിച്ചു വച്ച നിലയിൽ 110 ലിറ്റർ വ്യാജ ചാരായം എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിസി സ്ക്വാഡും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്‍ഡി നർകോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിലാണ് വൻ ശേഖരം പിടികൂടിയത്.
താമരശേരി താലൂക്കിൽ ഉൾപ്പെടുന്ന ഈങ്ങാപ്പുഴ വില്ലേജിലെ ചമൽ വേനക്കാവ് റോഡ് പരിസരത്തു നിന്നും ഉദ്ദേശം രണ്ട് കിലോമീറ്റർ മാറി കോളമല ഭാഗത്തേക്ക് പോകുന്ന റോഡരികിനു സമീപമുള്ള നീർച്ചാലിനു സമീപം വിതരണത്തിനായി തയാറാക്കി ഒളിപ്പിച്ച നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. നീർച്ചാലിനു സമീപം വിതരണത്തിനായി 500 മില്ലിലീറ്റർ കൊള്ളുന്ന 220 പ്ലാസ്റ്റിക് കുപ്പികളിലായാണ് 110 ലീറ്റർ ചാരായം സൂക്ഷിച്ചിരുന്നത്. അബ്കാരി ആക്ട് പ്രകാരം താമരശേരി എക്സൈസ് റേഞ്ച് ഓഫിസ് കേസ് റജിസ്റ്റർ ചെയ്തു.
ചാരായം കടത്താൻ ശ്രമിച്ച പ്രതികളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യാജവാറ്റ് സംഘത്തെയും കണ്ടെത്താനായി എക്സൈസ് അന്വേഷണം ഊർജിതമാക്കി. മേഖലയിൽ വ്യാജവാറ്റ് തടയുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.